2011, ഡിസംബർ 11, ഞായറാഴ്‌ച

ഡാം /കവിത / കരിങ്ങന്നൂര്‍ ശ്രീകുമാര്‍


കവിത
കരിങ്ങന്നൂര്‍ ശ്രീകുമാര്‍


ഡാം
എന്താണ് എല്ലാവരും ഇങ്ങനെ
ആരും ഭയക്കുന്നില്ലല്ലോ
മരണമുഖത്തു പോലും ഭയക്കുന്നില്ല.
ഭയക്കാന്‍ മടിക്കുന്നു.
നമ്മളൊക്കെ ചത്തുപോയോ.

എവിടെ നമ്മുടെ ശിരസ്സ്
കരുത്ത്‌
ചോര
മുദ്രാവാക്യങ്ങള്‍ ഒഴിഞ്ഞു
വരണ്ട തൊണ്ടകളില്‍
ഭീദിതമായ ദാഹം.

എന്താണ് മണക്കുന്നത്‌
ദുര്‍മേദസ്സിന്റെ അഴുകിയ
കോട്ടുവായ്
നക്ഷത്ര ഭരണനൃത്തം.
പൃഷ്ഠം താങ്ങി തഴുകി മടുത്തില്ലേ
കരഞ്ഞു മുടിഞ്ഞില്ലേ.

നമ്മുടെ കുഞ്ഞുങ്ങളുടെ
പാട്ടപ്പാത്രങ്ങളില്‍
മരണം മാത്രമേ
വിളമ്പുന്നുള്ളോ
കണ്ണീര്‍ കൂട്ടി കുടിച്ചോട്ടെ
വേദന തിന്നു മരിച്ചോട്ടെ
ശ്വാസം പോലും സ്വപ്നം കണ്ടു പോകരുത് .
നമുക്കൊക്കെ തീരെ പട്ടികളായി പെട്ടെന്നുതന്നെ
ചത്തുകളയാം .
ചരിത്രം ജലസമാധി എന്ന് പൊലിപ്പിച്ചോട്ടെ
കുഞ്ഞുങ്ങള്‍ മീന്‍ കണ്ണുകളുമായി
മരണം വായിക്കട്ടെ.
അണ മുറിയാതെ കരയട്ടെ.
അവര്‍ക്ക് മീതെയാവട്ടെ
നിങ്ങളുടെയൊക്കെ ഡാം.




2011, നവംബർ 14, തിങ്കളാഴ്‌ച

വെഡിംഗ് ആനിവേര്‍സറി

കഥ/ കരിങ്ങന്നൂര്‍ ശ്രീകുമാര്‍  
വെഡിംഗ്  ആനിവേര്‍സറി
ഏഴു തിരിയില്‍ നിലവിളക്ക്  ഒരുക്കി.
മുടിത്തുമ്പു കെട്ടി തുളസിക്കതിര്‍ വച്ചു.
സിന്ദൂരം നെറ്റിയിലും സീമന്തത്തിലും...
കോടി  ഉടുത്തു.... കാച്ചെണ്ണ  മണം.
ഇങ്ങനെയിങ്ങനെ കാപട്യം കളിച്ചു മോഹിനി...
 അതിശയസമ്മാനവും മധുരവും തന്ന പ്രിയതമന്റെ കാല്‍ തൊട്ടു നമസ്കരിച്ചു
നവോഢയായി ചമഞ്ഞു.
നമ്രശിരസ്കയാവാന്‍ സ്ഥിരം ബഹുകേമി.

നാണം കുളിര്‍ത്തു കാണിച്ചു.
പ്രിയതമന്‍ ധന്യനായീ.
ഹ ഹ ഹാ..... 
തീരെ പഴയ വിരല്‍ത്തുമ്പുകളുമായി
നനഞ്ഞ ഓര്‍മകളുമായി അവന്‍
പ്രണയത്തിന്റെയും രതിയുടെയും ആ പഴയ തോട്ടുവക്കില്‍ നില്‍പ്പുണ്ട്.
നിന്റെ ഇടംകണ്ണ്  തുടിക്കുന്നുണ്ടോ
കരിന്തിരി എരിയിക്കാതെ  നിലവിളക്ക് കെടുത്തിയേരേ സുമംഗലീ....
ഹാ ....ഹഹാ ....






2011, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

കഥ /കരിങ്ങന്നൂര്‍ ശ്രീകുമാര്‍ / സുഹൃത്ത്‌

കഥ /കരിങ്ങന്നൂര്‍ ശ്രീകുമാര്‍ 
സുഹൃത്ത്‌
എച്ചില്‍ പാത്രത്തില്‍ ഉണ്ണിച്ചതും,
മറ്റവന്റെ മൂത്രം കുടിപ്പിച്ചതും,
കാശിനു പെണ്ണിനെ പൊക്കി പങ്കുവെപ്പിച്ചതും,
ഹൃദയം പുറത്തെടുത്തു കൂടെക്കൂടെ ആത്മനൊമ്പരപ്പെടുത്തിയതും,
ഉത്തരാധുനികപ്പെട്ടു നിലത്തിഴയിച്ചതും നീയേ....
നീയേ വിദ്യയും വിജ്ഞാനവും .... പുണ്യവും പൂവും.
പുല്ലും ,ചവറും,തൊളിയും..... 
ഞാനേ ജ്ഞാനി . (അ)ബോധാത്മാവും....
ചിയേര്‍സ് .....





2011, സെപ്റ്റംബർ 20, ചൊവ്വാഴ്ച

കഥ/കരിങ്ങന്നൂര്‍ ശ്രീകുമാര്‍ /കാട്

കഥ/കരിങ്ങന്നൂര്‍ ശ്രീകുമാര്‍
കാട്

കാട് ഒരു മധുരകാവ്യമായിരുന്നില്ല.
കനല്‍ച്ചൂടുമല്ല....
ആഴങ്ങളിലെ തൃഷ്ണ . കന്മദം .നീരാളം.
കാട് മുദ്രയായിരുന്നു .
കാട് പ്രണയമായിരുന്നു.
നീ തെളിച്ചു വന്ന നീര്‍വഴിയായിരുന്നു.
വിസ്മയമായിരുന്നു.
ഉറവുകളുടെ ഉയിര്‍.
ഉന്മാദം.ഉണ്മ.
ഉടല്‍.

2011, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

കഥ/ കരിങ്ങന്നൂര്‍ ശ്രീകുമാര്‍ 
നനഞ്ഞ പട്ടി .
ഓണത്തിന് നീ തന്ന ചോറ് .
നല്ല മഴയായിരുന്നു.
 നനഞ്ഞു തണുത്ത തിണ്ണയില്‍ സുഖം.
ഇരുട്ട്.
ഉപ്പേരി,പപ്പടം, അവിയല്‍,കാളന്‍, 
പച്ചടി,കിച്ചടി, പഴപ്പായസം ഒന്നുമില്ലാതെ കൂളനു വിളമ്പിയ ചോറ്.... 
നനഞ്ഞ പട്ടി .
 വെക്കം തിന്നിട്ടു പൊക്കോ. കതകടച്ചു ഗൃഹസ്ഥ.
പഴയ ജാരന്റെ മുഖമടഞ്ഞു.
  ഇരുട്ടത്ത്‌ ചോറ് മിനുങ്ങി.
നിര്‍ത്തില്ലാതെ  മഴപെയ്യുന്നത് കൊണ്ടാവാം കുടിവെള്ളം തന്നില്ല കൂത്തിച്ചി.








2011, ഓഗസ്റ്റ് 21, ഞായറാഴ്‌ച

ഭാര്യ / കഥ/ കരിങ്ങന്നൂര്‍ ശ്രീകുമാര്‍

കരിങ്ങന്നൂര്‍ ശ്രീകുമാര്‍  
 ഭാര്യ 
പിഴച്ച സ്വപ്‌നങ്ങള്‍ വരെ വറുത്തു  ശുചിത്വമുള്ള  കണ്ണാടിപ്പാത്രങ്ങളിലേക്ക്  രസകരമായി , താളനിബദ്‌ധമായി 
അവള്‍ വിളമ്പിത്തന്നു. 
വശ്യമായി ചിരിച്ചു. 
വെറുപ്പ്‌ കൊണ്ടൊരു പുളിശ്ശേരി ....
കൊപ്ലിക്കാന്‍ ഇത്തിരി കണ്ണീര്.
ധര്‍മസങ്കടം പുതപ്പിച്ച് ഉറക്കി.
ഉണരാതുണരാതുറങ്ങുറങ്ങ് ....





2011, ഓഗസ്റ്റ് 17, ബുധനാഴ്‌ച

കഥ / കരിങ്ങന്നൂര്‍ ശ്രീകുമാര്‍ / ചരിത്രം



കഥ / കരിങ്ങന്നൂര്‍ ശ്രീകുമാര്‍ 
ചരിത്രം 
 നമ്മള്‍ രണ്ട്, നമുക്ക് രണ്ട്  എന്ന മുദ്രാവാക്യം വന്ന കാലമായിരുന്നു അത്.
അമ്മയുടെ പേര് ഓര്‍മ എന്നായിരുന്നു. 
  അച്ഛന്റെ പേര്  ശൈത്യം എന്നും.
മകള്‍ ചൂട് പിടിച്ചു വളര്‍ന്നു. 
മകന്‍ പുകഞ്ഞു പോയി. 
   പൊതു ശ്മശാനത്തിലെ നനഞ്ഞു കറുത്ത മണ്ണില്‍ നിഴല്‍ പോലെ മഴ സ്ഥിരമായി നിന്ന് പെയ്തു. 
ഓര്‍മയിലേക്ക് ഒരു കൊള്ളിമീന്‍.
    ശൈത്യത്തിലേക്ക് കാറ്റും.












2011, ഓഗസ്റ്റ് 10, ബുധനാഴ്‌ച

കഥ/ കരിങ്ങന്നൂര്‍ ശ്രീകുമാര്‍

               ഭ്രാന്തന്‍
സ്വപ്നം കടിച്ചുപഴുത്ത വ്രണങ്ങള്‍  ഊതിയാറ്റിയിരിക്കുകയായിരുന്നു അവന്‍.
ഊതിയൂതി തണുപ്പിച്ചുകൊണ്ട് അരുമയോടെ അവന്‍ തോട്ടിന്‍വക്കിലെ കാക്കപ്പൂക്കളെ  പ്രണയിച്ചു. 
 നെഞ്ചില്‍ ഒരു കുഞ്ഞിന്റെ കണ്ണ് പൊട്ടിക്കിടന്നു. 
കരളിലെവിടെയോ കുളിച്ചു സോപ്പുമണക്കുന്ന പുഴയുടെ സംഗീതം.
ഉള്ളിനുമുള്ളില്‍ നരച്ച ഒരു മുടിയിഴ സദാ ധന്വന്തരം മണത്തു.
കാലുകളില്‍ കാമുകിയുടെ വിഷദംശനം.
അരക്കെട്ടില്‍ തീ വിഴുങ്ങി തണുത്തുപോയ ഭ്രാന്തന്‍  മൃഗം.... 
തോട്ടില്‍ വീണാണ് അവന്‍ ചത്തത്.

2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച

പ്രണയം/കരിങ്ങന്നൂര്‍ ശ്രീകുമാര്‍


 
കഥ/കരിങ്ങന്നൂര്‍ ശ്രീകുമാര്‍ 
പ്രണയം
പ്രണയം കണ്ണാടിയാണ് .നോക്കിയിരിക്കെ അത് കുറെ ഓര്‍മകളെ തരും...
ചവച്ചു തുപ്പിയ എച്ചിലും, കറിവേപ്പിലയും, കടുക് വറുത്തതും അടിഞ്ഞ്‌ അടുക്കള സിങ്കില്‍ അഴുക്കുവെള്ളം നിറഞ്ഞു. മീതെ എണ്ണ പാടകെട്ടി പല നിറങ്ങളില്‍ മിനുങ്ങി. 
ഒരാന്തലോടെ പെണ്ണ് നിലവിളിച്ചു. 
അടുപ്പില്‍ പ്രണയം പുകഞ്ഞു നീറി. 
അടുക്കള നിറഞ്ഞ്‌ പെണ്ണ് ആളിയെരിയാന്‍ തുടങ്ങി.

2011, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

മിനറല്‍ ജീവജലം തരുമോ...

കഥ / എസ്.ശ്രീകുമാര്‍ കരിങ്ങന്നൂര്‍ 

മിനറല്‍ ജീവജലം തരുമോ...
അഹിതേ...
അങ്ങനെയാണ് ഭംഗി.
വ്രണിതേ, പരാജിതേ, പതിതേ
കുത്തുന്ന നീറ്റത്തിനു മീതെ അങ്ങനെയങ്ങനെ
ചിലപ്പോഴൊക്കെ ഞാന്‍  ഉപ്പുമഴയായീ ചാറി നിന്നുപോവും.
വയറുവരെ കത്തി വരളുന്നുണ്ടെങ്കിലും,
നാവ്  താണുപോയെങ്കിലും....
ഇവിടെ ഞാനുണ്ട് .
പ്രണയ സ്ഥൈര്യത്തോടെ ..........
ഇത്തിരി മിനറല്‍ ജീവജലം തരുമോ...

2011, ജൂലൈ 26, ചൊവ്വാഴ്ച

ഉണ്ണി പിറക്കാതെ ....

കരിങ്ങന്നൂര്‍ ശ്രീകുമാര്‍ 
ഉണ്ണി പിറക്കാതെ ....
മണ്ണുകൊണ്ട് കൌശലത്തില്‍ നിര്‍മിതി. കനലില്‍ ചുട്ടെടുത്തത് . വില കൂടിയ പോളീഷില്‍ തിളങ്ങുന്നത്... ഉണ്ണി പിറക്കേണ്ട ഗര്‍ഭാശയം നല്ല ഡിസൈനില്‍ പുതുമയോടെ ഇങ്ങനെയിങ്ങനെ ഊഷരമായി കാത്തുകിടന്നു.
ഉണ്ണിവായ്‌  പിളരാതെ... ഉണ്ണി വയറുണരാതെ...
ഒരു പൊക്കിള്‍ക്കൊടിയുടെയോ മറുപിള്ളയുടെയോ അദൃശ്യസ്പര്‍ശം പോലുമില്ലാതെയത്രേ പിറവി.അമ്മ വീണുടയുന്നത്‌  നോക്കിയിരിക്കെ ,പേടിച്ചുവിറച്ചു കൊണ്ട് അവന്‍ പിറക്കാതിരിക്കാന്‍ പിന്നെയും വാശിപിടിച്ചു.




2011, ജൂൺ 30, വ്യാഴാഴ്‌ച

മിനറല്‍ ജീവജലം തരുമോ...

കഥ / എസ്.ശ്രീകുമാര്‍ കരിങ്ങന്നൂര്‍
മിനറല്‍ ജീവജലം തരുമോ...
അഹിതേ...
അങ്ങനെയാണ് ഭംഗി.
വ്രണിതേ, പരാജിതേ, പതിതേ
കുത്തുന്ന നീറ്റത്തിനു മീതെ അങ്ങനെയങ്ങനെ
ചിലപ്പോഴൊക്കെ ഞാന്‍ ഉപ്പുമഴയായിചാറി നിന്നുപോവും.
വയറുവരെ കത്തി വരളുന്നുണ്ടെങ്കിലും,
നാവ്  താണുപോയെങ്കിലും....
ഇവിടെ ഞാനുണ്ട് .
പ്രണയ സ്ഥൈര്യത്തോടെ ..........
ഇത്തിരി മിനറല്‍ ജീവജലം തരുമോ...














2011, ജൂൺ 20, തിങ്കളാഴ്‌ച

അഭ്യാസങ്ങള്‍.

 കഥ / എസ് ശ്രീകുമാര്‍

                     അഭ്യാസങ്ങള്‍.
 മറ്റൊന്നും ആലോചിക്കില്ല  . പ്രണയം  ഒന്നിനും തീരെ  സമ്മതിക്കില്ല .സ്വന്തം  ഹൃദയത്തെ  ആശ്വസിപ്പിക്കാനും  മറ്റു വഴികളില്ല . തീവ്രത  കൂടുമ്പോള്‍  കാണണമെന്നും  മറ്റൊക്കെയും  തോന്നും . കഥകളെ  കൂടുതല്‍ ചേര്‍ത്ത്  പിടിക്കും . 
അങ്ങനെയങ്ങനെ .....അഭ്യാസങ്ങള്‍.
മരണക്കിണറിലെ അഭ്യാസങ്ങള്‍. 
നീര്‍ത്തടങ്ങളും നിലാവും വെള്ളാമ്പലുകളും വയല്പ്പക്ഷികളും പ്രണയം പറയും. 
വെള്ളത്തുമ്പികള്‍ പറ്റമായി ഉയരത്തിലേക്ക്  വെയില്‍ നോക്കി പറക്കും.
നീ മാത്രം മഴയായീ.....

2011, ജൂൺ 15, ബുധനാഴ്‌ച

ഒരിക്കല്‍ / എസ്‌ ശ്രീകുമാര്‍ കരിങ്ങന്നൂര്‍

ഒരിക്കല്‍

ഒന്നിക്കാം .
ഒരിക്കല്‍
ആ നിലാവില്‍
അതേ പുഴമണ്ണില്‍
അതേ കണ്ണീരില്‍
ആ കാഴ്ച
സ്വപ്നങ്ങളുടെ ദൈര്‍ഘ്യം
കുയിലുകള്‍ മടങ്ങിവന്നേക്കും
തൊടിയില്‍ കാശിത്തുമ്പയും
കലമ്പൊട്ടിയും
തൊട്ടാവാടിയും...
കണ്ണില്‍ എന്തോ പോയതാണ് 
കരയില്ല.

2011, ജൂൺ 10, വെള്ളിയാഴ്‌ച

നമ്മള്‍ / എസ് ശ്രീകുമാര്‍

നമ്മള്‍ / എസ് ശ്രീകുമാര്‍
 
നമ്മള്‍  ഒരുമിച്ചല്ലേ
രക്തവും പ്രാണനും പോലെ
നീ പ്രാവല്ലേ
നെഞ്ചില്‍ നനഞ്ഞിരിക്കുന്ന കുളിര്‍ന്ന ഒരു പ്രാവ്‌
നമുക്ക് കരയാതിരിക്കാം.
കണ്ണ് തുറന്നു പിടിച്ചു കാണണ്ടേ
ഹൃദയം നിലക്കാത്ത പ്രണയം പറയണ്ടേ
ഒരു വിരല്പ്പാടു പോലുമില്ലാത്ത ഓര്‍മ്മകള്‍ തെളിച്ചു തെളിച്ചു പിന്തിരിഞ്ഞു നടക്കേണ്ടേ.

2011, ജൂൺ 9, വ്യാഴാഴ്‌ച

കഥയിലെ പൂച്ച

എസ് .ശ്രീകുമാര്‍


നമുക്ക് നടന്നു തന്നെ പോകണം.
വയല്പ്പച്ചകളും നിലാവും കടന്നു പോകണം.
ഓര്‍മകളിലേക്ക് മഞ്ഞപ്പക്ഷികള്‍ താണ് പറക്കും.
കഥകളിലേക്ക് ഒരമ്മ നനഞ്ഞു കയറി വരും.  
നമ്മള്‍ വീണ്ടും വീണ്ടും കഥ പറഞ്ഞു നടക്കും

2011, ജൂൺ 3, വെള്ളിയാഴ്‌ച

ഒറ്റാല്‍/എസ് ശ്രീകുമാര്‍കരിങ്ങന്നൂര്‍

കഥ/ എസ് ശ്രീകുമാര്‍

                                 ഒറ്റാല്‍
കഥ/
എസ് ശ്രീകുമാര്‍കരിങ്ങന്നൂര്‍

ഒറ്റാല് വച്ച് മീനെ പിടിക്കണം. ഇടവപ്പാതി കൊള്ളണം. ഇടി കാഞ്ഞ് പച്ചമരങ്ങള്‍ ചിന്നിപ്പിളര്‍ന്നു കത്തുന്നത് കാണണം.
തളരരുത്.
മരണത്തിന്റെ ശീല പുതച്ചാകണം സുഖസുഷുപ്തി.
ഓര്‍മ്മകള്‍ നശിച്ചുപോകട്ടെ.
വയല്‍മടകളില്‍  ഒറ്റാലുകള്‍ വായ് പിളര്‍ത്തി. 
വരാലുകളുടെ ഉന്മേഷം.

2011, മേയ് 4, ബുധനാഴ്‌ച

കാര്‍ഡിയാക് അറസ്റ്റ്.

കാര്‍ഡിയാക് അറസ്റ്റ്./ എസ്‌ ശ്രീകുമാര്‍

മഴ തന്നെ.കൊള്ളിമീനുകള്‍ വാള്‍ത്തലയുരച്ചു.
വിരല്‍ത്തണുപ്പിന്റെ ചുംബനദൂരത്തില്‍ ഹൃദയം സ്തംഭിച്ചു.
നീല ഞരമ്പ്കളിലെ നിക്ഷേപം.
പക്ഷേ നീ മഴ നനയരുത്.
അവള്‍ ചിരിച്ചു. മഴയിലേക്കിറങ്ങി. 
സുദൃഡം മുലകള്‍ കാണിച്ചു.
തിരിഞ്ഞു നിന്നു മൂര്‍ച്ചയോടെ വിരല്‍ത്തല വീശി. 


  

 

2011, മേയ് 3, ചൊവ്വാഴ്ച

പതിവ്രത. / എസ്.ശ്രീകുമാര്‍

പതിവ്രത. / എസ്.ശ്രീകുമാര്‍
 നിന്റെ വാക്കുകള്‍... കൊലച്ചതിയുടെ ദയനീയത.
ഓര്‍മപ്പെടുത്തലുകളില്‍ ആലേഖനം ചെയ്തിരിക്കുന്ന നഖമുറിവുകള്‍...
നീ ദുര്‍ദശ്ശ.
ഇപ്പോള്‍ വെള്ളവിരിയുടെ ചുവന്ന പടര്‍പ്പിലേക്ക്  കാല്‍കുത്തി മലര്‍ന്നുകിടക്കുന്ന കാമാക്ഷി.
 പതിവ്രത.