2018, മാർച്ച് 27, ചൊവ്വാഴ്ച


കവിത
കരിങ്ങന്നൂർ ശ്രീകുമാർ
ബുദ്ധന്റെ തീവണ്ടി

ബുദ്ധന്റെ തീവണ്ടി
അലിവിന്റെ  സംഗീതമാണ്
ഏകലവ്യന്റെ വിരൽച്ചോര പോലെ
നിറഞ്ഞ വേദനയാണ്
ബോധനത്തിന്റെ ഭാരവും
വിഷാദമാന്ദ്യവുമായി
ചക്രങ്ങളുരച്ചു
തീതുപ്പി പായുന്നു തീവണ്ടി.
തീവണ്ടിക്കു നാലു കണ്ണുകളാണ്
പൊട്ടിപ്പോയ കണ്ണ് ഭൂതത്തിന്റേത്
വർത്തമാനക്കണ്ണിൽ പാട മൂടി
വസൂരി മുളയ്ക്കുന്നു
ഭാവിയുടെ കണ്ണ് നിസ്സംഗമാണ്.
തന്നിലേക്കുള്ള നാലാം കാഴ്ച മാത്രം
തുറന്നു പിടിച്ചു
ഇരുട്ടിലേക്ക് കുതിച്ചുപായുന്ന
തീവണ്ടിയിൽ
അവളുടെ നിലവിളി...
മുട്ടുകാലിൽ മുഖമാഴ്ത്തി
ഗർഭത്തിലെ കുമാരന്റെ
ഇളക്കമറിയാതെ
അരക്ഷിതത്വത്തിൽ
കറുത്ത ഭീതിയിൽ
പുകഞ്ഞു നീറുന്ന
ബലാത്സംഗത്തിന്റെ വിഹ്വലതയിൽ
അവൾ കരയുകയാണ്.
നിറവയറുള്ളവളെ ഭോഗിക്കുന്ന ക്രൗര്യം ...
ബുദ്ധന്റെ തീവണ്ടിക്ക് ഇപ്പോൾ
അറിവിന്റെ സംഗീതം
കാലത്തിന്റെ കനിവ്
ശിശുവിന്റെ വേദന
അമ്മയോടൊട്ടി പൂർണ്ണത്വത്തിൽ
അവൻ സനാഥനായി.
ബോധിയുടെ ജഡവേരുകൾ
പ്രാണനിൽ മരവിക്കുന്നു
ഹൃദയതാളം മുറുകുന്നു
ഏഴു നിറങ്ങളായ് സ്വപ്നം
വിറഞ്ഞു വിറഞ്ഞുപെയ്യുന്ന ദുഃഖം
ചക്രങ്ങളുരഞ്ഞടിച്ചു പായുന്ന യന്ത്രവേഗം .....
നിലാവ് തേങ്ങിയ രാത്രി
രാക്കാറ്റ് മൗനത്തിലുറങ്ങി
സ്നേഹവീണ താന്ത്രികളഴിഞ്ഞ മൗനമായ്
ബുദ്ധന്റെ വേദന നിശ്ശബ്ദമാണ്‌.
കണ്ണുകളിലേക്കു പ്രകാശമെയ്തു
ഇളകിച്ചിരിക്കുന്ന കടുപ്പത്തിന്റെ സൂര്യാ-
എന്തിനാണ് നിന്റെ ആകാശങ്ങളിൽ  നിന്നും
എന്റെ പക്ഷിയെ എയ്തു വീഴ്ത്തിയത് ?
നെഞ്ചിലെ മുറിവുകൾ വാർക്കുന്ന
ചോരയുടെ ചൂട് കൈകളെ നനയ്ക്കുന്നു.
ഭയമോ, വാത്സല്യമോ --
ഈ നെഞ്ചിൽ തറഞ്ഞുനിന്നു
തീരെ പതുക്കമുള്ള അടിവയറു ചേർത്ത്
ചുറ്റിപ്പിടിച്ചു തേങ്ങിക്കരഞ്ഞവളെ
വിങ്ങി വിറച്ചവളെ
സ്നേഹം, സ്നേഹം കൊണ്ട്
പടർന്നിരച്ചു കയറിയവളെ
നിലാവിലേക്കും തമ്പുരുവിലേക്കും
മയങ്ങിപ്പോയവളെ,
എന്റെ സ്വന്തമായവളെ ;
എന്തിനാണ്--
എന്തിനാണ് മുറിച്ചടർത്തിയത് ?
തീരെ മൂർച്ചയില്ലാത്ത കത്തികൊണ്ട്
മുറിച്ചെടുക്കുന്നപോലെ
പാപത്തിന്റെ ആത്മബോധം
തുറന്നെടുത്തതെന്തിന്‌?
മൗനത്തിന്റെ പൊള്ളുന്ന ഒരു ചിരിയാണ് ഉത്തരം.
പ്രിയേ , നിന്റെ മാംസത്തിൽ നിന്നും
മകനേ, നിന്റെ പിറവിയിൽ നിന്നും
രക്ഷപ്പെട്ടു ഞാൻ ചിരിക്കുന്നു .
ചുട്ടുപൊള്ളിച്ച മൗനമല്ലേ ജീവിതം?
നക്ഷത്രങ്ങളുടെ പിടിവേരുകൾ
വിശക്കുന്ന ജ്ഞാനത്തെ ഞെരിക്കുന്നു.
അന്യോന്യം ശ്വാസമടുപ്പിച്ചു
ചൂടിളക്കി ഊതിയൂതി ഉണ്മയായ്‌
സ്നേഹം- ദുഖമാണത് .
ദുരന്തത്തിലേക്കുള്ള ആദ്യ വെളിപാട് അതായിരുന്നു.
ആദ്യ തീവണ്ടിപ്പാച്ചിൽ അതായിരുന്നു.
ബുദ്ധന്റെ തീവണ്ടിക്ക് ഇപ്പോൾ
പൊട്ടിച്ചിരിയുടെ ക്രൗര്യം.
ഇരുട്ടിലേക്കുള്ള വിഭ്രമവേഗത്തിൽ
ചോരക്കാഴ്ചയിൽ
ഒരമ്മയുടെ നനവ്
കൂരമ്പിന്റെ നനവ്
കുരുതി.
സ്നേഹത്തിലൂടെ സ്ഥാപിക്കപ്പെട്ടത് കുരുതി.
കരുണയുടെ കണ്ടത് ക്രൗര്യം.
വെളിപാടായി ഇടിഞ്ഞിറങ്ങുന്നതു ഭ്രാന്തും.
ബുദ്ധന്റെ തീവണ്ടി അലിവിന്റെ സംഗീതമാണ്.
ഭ്രാന്തിന്റെ കാരുണ്യമാണ്.
അമ്മയുടെ ചോരയാണ്.
വിദ്യയുടെ കാഴ്ചയറുത്ത
അറിവിന്റെ കാഴ്ച സ്വയമറുത്ത
ഏകലവ്യന്റെ വിരൽച്ചോര പോലെ
നിറഞ്ഞ വേദനയാണ്.
നിലവിളിയുടെ തീപ്പാച്ചിലാണ് .
..............................................................