2017, നവംബർ 24, വെള്ളിയാഴ്‌ച

കവിത
കരിങ്ങന്നൂർ ശ്രീകുമാർ


എല്ലാം ഉണ്ടായിരുന്നു




കാളൻമാരും കലപ്പയും, നുകവും
മരവും, കൊയ്ത്തും മെതിയും,
തൂമ്പായും കുന്താലിയും,
വള്ളിക്കൊട്ടയും തേങ്ങാക്കൊട്ടയും
ഉണ്ടായിരുന്നു
വല്ലവും # കിടുവും മെടയുമായിരുന്നു
മുളയുടെ പുട്ടുകുറ്റിയായിരുന്നു
ചിരട്ടയുടെ ചില്ലും.
കുഴിഞ്ഞുപോയ തടിയുരലായിരിരുന്നു
പനങ്കാതലിൽ ഉരുക്കുചുറ്റിട്ട
ഉലക്ക മുഴങ്ങുമായിരുന്നു.
ദോശക്കല്ല് കൊല്ലൻ കാച്ചിയതായിരുന്നു.
ചട്ടുകവും ഇരുമ്പുചട്ടികളും
ഉറക്കെ ചിലമ്പിച്ചിരിച്ചിരുന്നു
നാട്ടുമാങ്ങാ കൃമിക്കുന്ന വലിയ
ഉപ്പുമാങ്ങാ ചാറകളുണ്ടായിരുന്നു
അടമാങ്ങാ ഭരണികളും.
പച്ച പറങ്കിയണ്ടി തീയൽ മണത്തിരുന്നു.
മത്തും ഉപ്പുമരയും ഉണ്ടായിരുന്നു
വെണ്ണയും നെയ്യിൽ പൊള്ളിച്ച
അയ്യരുടെ പപ്പടവും, നെയ്യപ്പവും ഉണ്ടായിരുന്നു.
എരുത്തിലും ആട്ടിൻകൂടും
ചാണകക്കുഴിയും മൂത്രക്കുഴിയും
#കുണ്ടളപ്പുഴുക്കളും ഉണ്ടായിരുന്നു.
കോഴിക്കൂടും, മൂക്കിൽ ചെറുതൂവൽ
തിരുകിയ അടക്കോഴികളും
മിടുക്കി തള്ളക്കോഴിയും
കോഴിക്കുഞ്ഞുങ്ങളും ഉണ്ടായിരുന്നു.
പരുന്തും കിള്ളിയാനും
പാവം ഉപ്പനും മൈനയും ഉണ്ടായിരുന്നു
തെങ്ങിൽ പൊത്തിൽ തത്തകളും
മരംകൊത്തികളും മത്സരിച്ചിരുന്നു
കുയിലുകൾ നിശ്ചയമായും വരുമായിരുന്നു.
ബ്ലാത്തിയിലും ചെമ്പരത്തിയിലും
കുരുവികൾ എത്രയെങ്കിലും
കൂടുകൾ വയ്ക്കുമായിരുന്നു
ഈറ മെടഞ്ഞ കുട്ടയും വട്ടിയുമായിരുന്നു.
കുത്തരി കുതിർന്നു കൂടെക്കൂടെ
കൊഴുക്കട്ടയും മാപ്പൊടിയും
പുട്ടും തേങ്ങാക്കൊറ്റവും
മണത്തിരുന്നു.
അപ്പത്തിന് # കപ്പി കാച്ചുമായിരുന്നു.
ഓട്ടട മധുരം പൊട്ടിയൊലിക്കുമായിരുന്നു.
തടിത്തവിയും കൂലിക്കൊട്ടയും
ചങ്ങഴിയും മുളനാഴിയും
സദാ പണിയെടുത്തു,
പയറും മുതിരയും എള്ളും വരെ
അളന്നുമറിഞ്ഞിരുന്നു.
വല്ലപ്പോഴും തകൃതിയായി
പണിയെടുക്കുന്ന പറ
പലപ്പോഴും മൂലയ്ക്ക്
മിണ്ടാതിരുന്നു.
കയർ ഉറിയും കുരുത്തോല വാട്ടി
മെടഞ്ഞ ഓല ഉറിയും
താഴ്ന്ന പുകക്കരി കഴുക്കോലുകളിൽ
സ്നേഹം നുകർന്നു തമ്മിൽ ഇളകിയാടുമായിരുന്നു
വലിയ പത്താംപുറത്ത് ഉച്ചയ്ക്ക്
അച്ഛൻ നടു നിവർത്തിയിരുന്നു
ചാണകനിലത്ത് തഴപ്പായിൽ അമ്മയും.
മൂന്നു കട്ടിലിൽ മെത്തപ്പായ്,
കറുകറുത്ത പട്ടാളക്കമ്പിളി വിരിച്ച
കയറ്റുകട്ടിൽ അച്ഛാമ്മയ്ക്ക്.
കുരണ്ടിയും തടുക്കും തഴപ്പായും,
#
ദാനേന്ദ്രവും മുക്കൂട്ടും മണത്ത്
മുശിട് ഗന്ധത്തിൽ
തഴമ്പ് വീണതായിരുന്നു.
പഞ്ഞിക്കാ തലയിണകൾ
എല്ലാവർക്കും.
#
നല്ലമുളകിന്റെ തൊത്ത് ഉണക്കി നിറച്ച
തലയിണ വലിവുകാർക്കും
കഫജലദോഷക്കാർക്കും.
ചെന്നിക്കുത്തുകാരി അപ്പച്ചിയുടെ
വലിയ ചന്ദനാദി എണ്ണ കറുത്തു
 ഉമിച്ചുനാറുന്ന തലയിണയും ഉണ്ടായിരുന്നു.
അച്ഛന്റെ മുതുകുപാട് വീണ്
കരിമ്പനടിച്ച തുണിചാരുകസേരയും
കാഞ്ഞിരത്തിന്റെ # തട്ടൂടിക്കു കീഴെ
 വലിയ #ട്രങ്ക് പെട്ടികളും ഉണ്ടായിരുന്നു.
തടിയൻ താക്കോലിട്ടു പൂട്ടിവച്ചിരിക്കുന്ന,
അമ്മയുടെ, ചിത്രപ്പണിയുള്ള
നീളൻ പാലപ്പെട്ടിയിൽ
പിത്തളച്ചെല്ലം പളപളാ മിനുങ്ങിയിരുന്നു.
മൂലപ്പലകയിൽ കൈയെത്താതെ
തേനും ലേഹ്യങ്ങളും ഉണ്ടായിരുന്നു.
ബാടി കെട്ടിയ അമ്മുമ്മമാരും
മുറുക്കാൻ ചെല്ലവും ഇടികല്ലും
തുപ്പക്കോളാമ്പിയും ഉണ്ടായിരുന്നു.
മുല്ലപ്പൂവും പിച്ചിപ്പൂവും ചന്ദനവും
പച്ചമഞ്ഞളും കുഴഞ്ഞു വാസനിച്ച
ഹാഫ്സാരി ചുറ്റിയ അങ്ങേലെ
 ചേച്ചിമാരും ഉണ്ടായിരുന്നു.
തേൻവരിക്കയും ചെമ്പരത്തി പ്ലാവും
തടിനിറഞ്ഞ് കായ്ച്ചുവാരുമായിരുന്നു.
ചെറിയ ഉണ്ടമാവും ഡാക്കത്തിമാവും
 വലിയ കിളിച്ചുണ്ടനും കർപ്പൂരം മാവും
ഉണ്ടായിരുന്നു. 
തകർത്തു കായ്ക്കുന്ന കൊളമ്പി മാവും.
പുന്നയും പുന്നയ്ക്ക എണ്ണയും
എള്ളും എള്ളെണ്ണയും
കരുപ്പെട്ടിയിട്ട് എള്ളിടിച്ചതും
അവൽ വിളയിച്ചതും ഉണ്ടായിരുന്നു.
തെങ്ങിൻ പൂവും അശോകപ്പൂവും
തൊട്ടാവാടിയും ചെമ്പരത്തിപ്പൂവും
കുറുക്കുമായിരുന്നു.
അലുവ കിണ്ടുമായിരുന്നു.
മുറുക്കും മധുരസേവയും
ഇടുമായിരുന്നു.
വലിയ ഭരണികളിൽ നിറയെ
ആട്ടിയ വെളിച്ചെണ്ണയും.....
അല്ലല്ല, ഒന്നിൽ എള്ളെണ്ണയും,
വൃത്തിയില്ലാത്ത വക്കുപൊട്ടിയ
പഴഞ്ചൻ ഭരണിയിൽ
പുന്നക്ക എണ്ണയും.
തേങ്ങ വെട്ടും ഓല കെട്ടും
തിമിർപ്പായിരുന്നു.
ചാമ്പയും അത്തിയും ഞാവലും
ഇലവും ഇലഞ്ഞിയും
മുരിക്കും പേഴും വട്ടയും
ഉണ്ടായിരുന്നു.
തോടും തൊടിയും തോട്ടവും,
ചാലും ഊറ്റു കുഴികളും,
വയലും വയൽപ്പക്ഷികളും
ഉണ്ടായിരുന്നു.
തെങ്ങിൻ പണയും
വരിവരിക്ക് അടയ്ക്കാമരങ്ങളും കഴിഞ്ഞ്,
കാട്ടുകൈത വേലിയും.
ചാരും പുന്നയും ഉതിയും
ഊറാവും ഉണ്ടായിരുന്നു.
മൂലയ്ക്ക് ചൂരൽ പടർന്നുകയറി
മൂടിപ്പോയ ഒരു മുതുക്കൻ പാലയും ഉണ്ടായിരുന്നു.
കാറ്റും കുളിരും. വെയിലും
അഗാധസുഗന്ധങ്ങളും ഉണ്ടായിരുന്നു.
അങ്ങനെയങ്ങനെ --
എല്ലാം ഉണ്ടായിരുന്നു.
എല്ലാവരും ഉണ്ടായിരുന്നു.
നിറയെ ഉണ്ടായിരുന്നു.
എല്ലാമെല്ലാം പണ്ടായിരുന്നു.
നിറഞ്ഞതെല്ലാം പണ്ടായിരുന്നു.
പണ്ടെന്നു വച്ചാൽ --
വലിയ പണ്ട്.
എന്നുവച്ചാൽ
ദാ... ഇത്രയ്ക്കും അടുത്ത്.
നെഞ്ചോളം,
സ്വപ്നത്തോളം
ഇപ്പോഴും.

==================


# ദാനേന്ദ്രം- ധന്വന്തരം
#കുണ്ടളപ്പുഴു-ചാണകപ്പുഴു
#
നല്ലമുളക് - കുരുമുളക്
#
തട്ടൂടി- തടി കിടക്ക
#
ട്രങ്ക് പെട്ടി - ഇരുമ്പു പെട്ടി
#
കിടു - തെങ്ങിന്റെ ഓല മെടഞ്ഞതു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ