2012, നവംബർ 28, ബുധനാഴ്‌ച

ദര്‍ശനം കരിങ്ങന്നൂര്‍ ശ്രീകുമാര്‍


ദര്‍ശനം
  ശിരസ്സിലേക്ക് തീമഴ പെയ്തായിരുന്നു അദ്ഭുതദര്‍ശനം.  
ഉച്ചസ്സൂര്യനു കീഴെ തണല്‍ കാഞ്ഞിരിക്കുകയായിരുന്നു ജ്ഞാനി അപ്പോള്‍.
ഭൂമി വെപ്രാളം കൊണ്ടു.
പുഴ കരിഞ്ഞുപുകഞ്ഞു.
വെന്തുമലര്‍ന്ന ചോറിന്റെ മണം കേള്‍ക്കുവോളം ബോധോദയം നീണ്ടു.
കനച്ചവെളിച്ചെണ്ണ ഒഴിച്ചു കറിവച്ചതിന് അവളെ തല്ലി.
ബോധപൂര്‍ണ്ണിമയിലേക്ക് അച്ഛായെന്നു വിളിച്ചു കയറി പരീക്ഷാഫീസ് ചോദിച്ചതിന് മകളെയും തല്ലിയോടിച്ചു.
ഇനിയും ജനിച്ചുവാപിളരാത്ത മകനെ അവളുടെ മുഷിഞ്ഞ അടിവയര്‍ നോക്കി തൊഴിച്ചു.
എന്നിട്ടും അരിശം തീരാതെ എങ്ങോട്ടൊക്കെ മണ്ടിനടക്കണം എന്നറിയാതെ കുഴഞ്ഞുപോയി ദര്‍ശനവ്യാധിയില്‍ പാവം മൃഗം.

2012, ഒക്‌ടോബർ 8, തിങ്കളാഴ്‌ച

അഭിസരിക്കൂ...



അഭിസരിക്കൂ...
നിന്നെക്കൊണ്ട് പുച്ഛിപ്പിക്കും.
ദുഷിച്ചു പറയിക്കും
മുഖത്തു തുപ്പിക്കും.
തല മാന്തി മുടി പറിച്ച് ചീറി വിളിപ്പിക്കും.
പ്രാകിക്കും
നിലവിളിപ്പിക്കും
വിഷം തുപ്പിക്കും
എന്നിട്ടും-ഈ നെഞ്ചില്‍ പ്രാണന്‍
തുടിക്കുന്നെങ്കില്‍,രക്തം ചുവയ്ക്കുന്നെങ്കില്‍-മുഖത്ത് മൂത്രം ഒഴിച്ചേച്ചു പോകരുത്.
കൊണവതിയാരം പറയരുത്.
ഇത്രയും വെയില്‍ കൊള്ളരുത് കാമിനീ...

2012, ഓഗസ്റ്റ് 18, ശനിയാഴ്‌ച

കവിത- പ്രാകൃതം


കവിത


പ്രാകൃതം
ഴിഞ്ഞ വിഷപാത്രമല്ലാതെ
ഇനി മറ്റെന്താണ്,
മറ്റെന്താണ് (നിനക്ക്) ഞാന്‍ തരുക ...
ബലിമൃഗത്തിന്റെ കണ്ണുകളില്‍
കറുത്ത കാമം പീളകെട്ടി.
ഹൃദയത്തിന്റെ നിലവിളി
അനാഥരുടേതാണ്.
അകന്നു പോയവരുടേതാണ്.
പടിയിറങ്ങി -
പടിയിറങ്ങി
തിരിഞ്ഞുനോക്കുവാനാവാതെ …
അല്ലെങ്കില്‍ ഇനിയാര്?
നഗ്നമാണെന്റെ ഹൃദയം
പ്രാകൃതന്റെ ആത്മബലിയില്‍
വെറളിപിടിച്ചോയുന്ന മാന്‍കുട്ടി.
അവളുടെ കണ്ണുകളില്‍
പ്രളയത്തിന്റെ ഭാരവും
ചുണ്ടുകളില്‍ നീലവിഷവും …
തീര്‍ച്ചയായും അത് ഞാന്‍ ചുംബിച്ചിട്ടല്ല.
ഭാഗ്യജാലകങ്ങള്‍ വലിച്ചടച്ച്
ഹൃദയത്തില്‍ മുഖം പൂഴ്‍ത്തി
കഫത്തിന്റെ വഴുക്കത്തിലൂടെ
ഒരു നിലവിളിയുടെ പ്രാര്‍ഥന
ചലം പുരണ്ട വാക്കുകളില്‍
ഹൃദയമില്ലാത്തവന്‍ പല്ലിളിക്കുമ്പോള്‍
പ്രണയഞരമ്പുകള്‍ മുറുകുമ്പോള്‍
പുഴുത്തുനാറിയ വൈരൂപ്യമായ്
ഞാന്‍ നിലവിളിക്കുന്നു.
തിരകളില്‍ ഉപ്പുകലര്‍ത്തിയ ദുഃഖം
കണ്ണുനീര്‍ കടല്ല്ലല്ലോ.
ഞാനോ മരണത്തിന്റെ ഉച്ഛിഷ്ടവും.
ഹൃദയം - എത്ര പഴകിയ വാസ്തവം
നിലവിളികളുടെ പ്രാര്‍ഥനയില്‍
അമ്മയുടെ കൃഷ്ണണനാമം
പെങ്ങളുടെ അശ്ലീലം
സുഹൃത്തിന്‍റെ കഴുകന്‍കണ്ണ് …
പോവുക
ദൂരേക്കു പോവുക
ദൂരേക്കു നഷ്ടമാവുക
ഞാന്‍, പിന്തിരിഞ്ഞ്
ഹൃദയത്തിലേക്ക് കനിയട്ടെ
വേദനകള്‍ എനിക്കു സ്വന്തമല്ല
കണ്ണുനീര്‍ കടലല്ലല്ലോ.
Cell No. 9447077518

2012, മേയ് 7, തിങ്കളാഴ്‌ച

വധു
അവനെ തീരെ ഇഷ്ടപ്പെട്ടില്ല. വേണ്ടെന്നു കരഞ്ഞു.
ഒരു കവിതയുമില്ലാത്തവന്‍. മീശക്കൊമ്പന്‍.കുട്ടിഗണപതിയെന്ന് ഇരട്ടപ്പേര്.
പേര്‍ഷ്യാക്കാരനാണ്.ഏസി തണുപ്പും മണവുമുള്ളവനാണ്.
ഇഷ്ടമായെന്ന് നാണിച്ച് തലയാട്ടിയപ്പോള്‍ തന്നത് മൂന്നു പവന്‍റെ കാശുമാല. ശ് ശൂ!....
കൊമ്പന്‍ നെറ്റിപ്പട്ടം കെട്ടിയാടാന്‍ തുടങ്ങി.പല്ലിനിടയിലെ എച്ചിലിളക്കി ചവച്ചു രുചിച്ചു ചിരിച്ചെങ്കിലും.... അവനെന്തൊരു കല!

2012, ഏപ്രിൽ 20, വെള്ളിയാഴ്‌ച


കവിത
കരിങ്ങന്നൂര്‍ എസ്.ശ്രീകുമാര്‍
മരണപത്രം

തീപെയ്തു മരിച്ച മകന്‍
ഇനിയും പിറക്കാതിരിക്കാന്‍
അമ്മ ചെയ്യുന്ന പുണ്യം
എയ്തുകയറുന്നു.

പൂര്‍വാഹ്നത്തിലെ ബലിക്കാക്കകള്‍
കണ്ണുപൊട്ടി
കനലിലേക്ക് ചത്തുവീഴുന്നു.
ഇവിടെ
പൂക്കളില്ല
ഹൃദയമില്ല
ഒന്നുമില്ല
അഗാധമായ
ഞരക്കം പോലുമില്ല.

ഇരുട്ടിന്റെ നിലക്കണ്ണാടിയില്‍
പെയ്തുപെയ്തിറങ്ങുന്ന പ്രണയം
താഴ്വാരങ്ങളിലേക്ക് ജ്വലിക്കുന്ന
അഗ്നിയാണ്.

നിലക്കണ്ണാടിയുടെ പ്രളയജലത്തില്‍
ചത്തുമലച്ച മീന്‍കണ്ണുകള്‍
കാമത്തിന്റെ നീര്‍പ്പാമ്പുകള്‍
കൊത്തിയെടുക്കുമ്പോള്‍
മധുരം പിഴച്ച പാനപാത്രങ്ങളില്‍
തളര്‍ന്നു കിടന്ന് അവന്‍ ഇരതേടുന്നു.
കഫം കൊഴുത്ത രാത്രികളില്‍
കരിഞ്ഞചോരയില്‍
കുളിരുപോലുമില്ലാത്ത കാറ്റില്‍
ഇനിയെങ്കിലും
അവന്റെ മുഖം കാണുക.

ഒരു പൂവ്
എള്ള്
എണ്ണ വാര്‍ന്ന് കരിഞ്ഞണഞ്ഞ
ഒരു തിരി
വീരാളിപ്പട്ടു പൊതിഞ്ഞ
മണ്‍കുടം
കറുത്തചുഴിയുടെ തിരച്ചുറ്റിലേക്ക്
തള്ളിയിറങ്ങിയിറങ്ങി പോകുന്നു.
അമ്മേ... എല്ലാം
നിന്റെ പുണ്യം.

പൊളളുന്ന വിരലുകള്‍ കൊണ്ട്
നെറുകയില്‍ തൊടുന്ന
കടുത്ത രാത്രി.
തളര്‍ന്ന് തകര്‍ന്ന്
കൈകള്‍ വിടര്‍ത്തി
പ്രാണന്‍ വലിഞ്ഞ്
ആഞ്ഞാഞ്ഞ് തുഴഞ്ഞപ്പോള്‍
വിരല്‍ത്തുമ്പില്‍ കുരുങ്ങി
പിണങ്ങിപ്പോയ മുടിയിഴകള്‍
ആരുടേതാണ്?
നിലവിളികള്‍ ആരുടേതാണ്!

പുഴയിലേക്ക് കാറ്റിറങ്ങി
പുഴയിലേക്ക് കാറ്റ് പറഞ്ഞു:
ഇവിടേക്ക്- ഇതാ-
കണ്ണുകള്‍ തിരുമ്മിത്തുറന്ന്
ഈ തീയിലേക്കു നോക്കുക
നിന്റെ മകന്‍റെ ചോര
നിന്റെ ഗര്‍ഭരക്തം
നിന്റെ അഗ്നി
നിന്റെ നിലാവും ക്രൗര്യവും....

ആരും കേള്‍ക്കാതിരിക്കാനാണ്
അവന്‍ ആഴത്തില്‍ നിലവിളിക്കുന്നത്

തീ പിടിച്ച മകന്‍
ഇനിയും പിറക്കാതെ
അമ്മേ, നിന്റെ പുണ്യം
കാത്തുകൊള്‍ക.
------------------




2012, മാർച്ച് 1, വ്യാഴാഴ്‌ച

കരിങ്ങന്നൂര്‍ ശ്രീകുമാര്‍
തിരിച്ചു പോകുന്നു  

വാക്കുകള്‍ കൊണ്ട് മുറിച്ചുകളഞ്ഞു നീ എന്നെ.
എത്ര എളുപ്പം.
നീ ചിരിച്ചു.
നിനക്ക്  ഇരുട്ടിന്റെ വെളിച്ചം
വല്ലാത്ത നാറ്റം.
 ...........................
ഹോ! കള്ളി.
നിഴല്‍ മറഞ്ഞു ഞാന്‍....


2012, ജനുവരി 6, വെള്ളിയാഴ്‌ച



കഥ
കരിങ്ങന്നൂര്‍ ശ്രീകുമാര്‍
സ്ത്രീധനം



ചുട്ടുനില്‍ക്കുന്ന നഗരം.
വനിതാ കോളേജ് .
വൈകിയെത്തിയ വിശിഷ്ടാതിഥി  കാറിന്റെ കുളിരില്‍ നിന്നിറങ്ങി ഫാനിന്റെ കാറ്റില്‍  കരിക്കിന്‍വെള്ളവും അണ്ടിപ്പരിപ്പും കഴിച്ചു.പെണ്ണുമ്പിള്ള മൂത്രശങ്ക നിവര്‍ത്തിച്ചു. ഷുഗര്‍ കൂടുതലാണേ...
സമയക്കുറവുണ്ട്. മൂന്നു മണിക്കൊരു ഇന്റര്‍നാഷണല്‍  സെമിനാര്‍  ഉദ്ഘാടനം. രണ്ടു വെഡിങ് പാര്‍ട്ടി. ഒന്ന് മിനിസ്റ്ററുടെ മകളുടെ. മസ്കറ്റ് ഹോട്ടലില്‍ വച്ച്. ഹോ-
മാഡം നടക്കുമ്പോള്‍  കിതപ്പ് കൂടുതലാണ്. ചെക്കപ് ചെയ്യണം.
ഓക്കേ ഓക്കേ .....
അപ്പോഴേക്കും തകൃതിയായി കുട്ടികള്‍ ഗ്രൗണ്ടില്‍ വരിവരിയായീ ....
അച്ചടക്കവും, ആഢ്യത്തവുമുള്ള കോളേജ്.... ചെറിയ അനുഗ്രഹ വാക്കുകള്‍ക്ക് ശേഷം മാഡം സ്തീധനവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സര്‍വ മാഡങ്ങളും ,ആകെയുള്ള മൂന്നാലുമാന്യന്മാരും ബലം പിടിച്ചു കൈ നീട്ടി പ്രതിജ്ഞിച്ചു. ഒരു വശം മാറി ഒതുങ്ങിനിന്നിരുന്ന, മൂന്നു പെണ്മക്കളും രണ്ടു സാദാ ചിട്ടിയുമുള്ള കെമിസ്ട്രി ലാബിലെ അറ്റെന്റെര്‍ ചേട്ടന്‍ നെഞ്ചെരിഞ്ഞു  ബോധം കെട്ട് വീണു....   ഫങ്ങ്ഷന്‍  ഇന്‍സല്‍റ്റെഡ് ആയതൊന്നുമില്ല.   ചേട്ടന്‍ പുകയായി.  ആകാശത്തു നിന്നു ചിരിച്ചു.   കോളേജിനു ഐശ്വര്യമായി കൊല്ലങ്ങള്‍ കണ്ടുചിരിച്ച മാവ് കരഞ്ഞു. തളിര്‍ കൊഴിച്ചു. എന്തായാലും ഇക്കൊല്ലം പൂക്കുന്നില്ല എന്ന് ശഠിച്ചു.