2018, നവംബർ 8, വ്യാഴാഴ്‌ച

കവിത 
കരിങ്ങന്നൂർ ശ്രീകുമാർ 

തരുമോ ഈ പൂക്കൾ നീ....
......................................


മഴ നനയുമ്പോൾ 
ഇണ പിരിയുമ്പോൾ 
നറുനിലാവിൻ ഇടവഴികൾ 
പെയ്തൊഴുകുമ്പോൾ 
ഇഴയടുത്ത്,  ഇഴയടുത്തു 
പുഴ കനക്കുമ്പോൾ
പുഴ കയർക്കുമ്പോൾ
കനവ് നീറി വിടർന്ന പൂക്കൾ 
കൊഴിഞ്ഞു വീഴുന്നോ 
കരഞ്ഞു പോവുന്നോ -നീ
കരഞ്ഞു പോവുന്നോ. 
വേലിമുള്ളിൽ കാലുടക്കുന്നു 
കരളുടക്കുന്നൂ. 

മാവ് പൂക്കും പൊൻവഴികൾ 
മധുരിക്കും നീർവഴികൾ 
കതിരിട്ട നെൽവഴികൾ 
വെയിലു ചായും കുന്നിറക്കങ്ങൾ.. 
ഓർമയാകുന്നോ,
ഓർത്തു പോകുന്നോ! 
കാലിൽ കല്ലു കാച്ചുന്നൂ
നെഞ്ചിൽ നീ മണക്കുന്നൂ  
തീ പിടിക്കുന്നൂ 
നീ വിതുമ്പുന്നോ? 
നാടു തെണ്ടി നടന്ന കാലം 
നടുവൊടിഞ്ഞു തകർന്ന കാലം 
നിലവിളികൾ പിൻവിളികൾ 
കാതു പൊത്തി വീണ കാലം, 
ചോര പൂക്കും തീ വഴികൾ 
കവിത തെണ്ടും കനൽ വഴികൾ 
സന്ധ്യ കത്തും കരിന്തിരികൾ 
അന്ധകാരം കണ്ണുപൊത്തി 
കരളു കൊത്തി 
നെഞ്ചകത്തെ നോവിനുള്ളിൽ 
കിണർ കുഴിക്കുന്നു 
കിതച്ചു വീഴുന്നു 
വെന്തു പോകുന്നു 
നീ വിളിക്കുന്നൂ. 
നിഴൽ വിതുമ്പുന്നു.

ഓർമ്മയുണ്ടോ തീക്ഷ്ണകാലം 
ഉച്ചവെയിലിൻ ഉഷ്ണവാതം 
കടലെടുത്ത സ്വപ്‌നകാലം 
ഉപ്പു പൊട്ടും കരിയടുപ്പിൻ 
നെഞ്ചകത്തെ  പഞ്ഞകാലം 
ഓർത്തു പോകുന്നോ  -
ഓർമയാവില്ലേ !
ഇനി വരില്ലേ ഓർമകളും 
കനകനിലാ ചിന്തുകളും,
ഇവിടെ നമ്മൾ കോറിവച്ച 
നഖര മുറിപ്പാടുകളും, 
കൺമുനയാൽ നെയ്തു വച്ച 
ചിത്രമുഖ ശാലകളും. 
കാവ്‌ തീണ്ടും  കാമനകൾ 
കാതരമാം കന്മഷങ്ങൾ 
പാല പൂക്കും പാതിരാകൾ......
ലാസ്യലോലം സ്വപ്നവേഗം 
പേശലമാം കാവ്യഭാവം 
തപ്തമാകും സ്വപ്നജാലം 
വഴിപിഴയ്ക്കും ജന്മഭാരം.
പോക്കുവെയിലിൽ കാലിടറി 
നെഞ്ചിടറി നേരിടറി 
നേരിനൊപ്പം പടിയിറങ്ങി 
അണിവിരലിൻ പ്രണയഭംഗി.
മഴ നനയുന്നൂ.... 
ഇണ പിരിയുന്നൂ.... 
നറുനിലാവിൻ ഇടവഴികൾ പെയ്തൊഴിയുന്നൂ.
ഉടലിരമ്പുന്നൂ,
ഉടൽ ചിനക്കുന്നൂ... 
എന്റെ പെണ്ണേ,
എന്റെ പൊന്നേ......

തരുന്നുവോ  ഈ  പൂക്കൾനീ 
നിലാവിൻ കാമ്യനക്ഷത്രങ്ങൾ... 
അതിവിവശമെൻ വീണയിൽ
ആഴധമനികളിൽ മൗനം 
ഇഴ നീർത്തും കദനത്തിൻ
ലാവണ്യസുരഭിയാം 
കടൽമയൂര കാന്തികൾ.....
ഋതുപ്രത്യങ്മുഖങ്ങൾ കടന്നതിലാസ്യം, ഹൃദയഭരം 
തോരാതെ പെയ്തിറങ്ങു നീ 
പ്രാണഹർഷിണീ,
പ്രമദികേ,
നീലാംബരീ...

..........................

2018, മാർച്ച് 27, ചൊവ്വാഴ്ച


കവിത
കരിങ്ങന്നൂർ ശ്രീകുമാർ
ബുദ്ധന്റെ തീവണ്ടി

ബുദ്ധന്റെ തീവണ്ടി
അലിവിന്റെ  സംഗീതമാണ്
ഏകലവ്യന്റെ വിരൽച്ചോര പോലെ
നിറഞ്ഞ വേദനയാണ്
ബോധനത്തിന്റെ ഭാരവും
വിഷാദമാന്ദ്യവുമായി
ചക്രങ്ങളുരച്ചു
തീതുപ്പി പായുന്നു തീവണ്ടി.
തീവണ്ടിക്കു നാലു കണ്ണുകളാണ്
പൊട്ടിപ്പോയ കണ്ണ് ഭൂതത്തിന്റേത്
വർത്തമാനക്കണ്ണിൽ പാട മൂടി
വസൂരി മുളയ്ക്കുന്നു
ഭാവിയുടെ കണ്ണ് നിസ്സംഗമാണ്.
തന്നിലേക്കുള്ള നാലാം കാഴ്ച മാത്രം
തുറന്നു പിടിച്ചു
ഇരുട്ടിലേക്ക് കുതിച്ചുപായുന്ന
തീവണ്ടിയിൽ
അവളുടെ നിലവിളി...
മുട്ടുകാലിൽ മുഖമാഴ്ത്തി
ഗർഭത്തിലെ കുമാരന്റെ
ഇളക്കമറിയാതെ
അരക്ഷിതത്വത്തിൽ
കറുത്ത ഭീതിയിൽ
പുകഞ്ഞു നീറുന്ന
ബലാത്സംഗത്തിന്റെ വിഹ്വലതയിൽ
അവൾ കരയുകയാണ്.
നിറവയറുള്ളവളെ ഭോഗിക്കുന്ന ക്രൗര്യം ...
ബുദ്ധന്റെ തീവണ്ടിക്ക് ഇപ്പോൾ
അറിവിന്റെ സംഗീതം
കാലത്തിന്റെ കനിവ്
ശിശുവിന്റെ വേദന
അമ്മയോടൊട്ടി പൂർണ്ണത്വത്തിൽ
അവൻ സനാഥനായി.
ബോധിയുടെ ജഡവേരുകൾ
പ്രാണനിൽ മരവിക്കുന്നു
ഹൃദയതാളം മുറുകുന്നു
ഏഴു നിറങ്ങളായ് സ്വപ്നം
വിറഞ്ഞു വിറഞ്ഞുപെയ്യുന്ന ദുഃഖം
ചക്രങ്ങളുരഞ്ഞടിച്ചു പായുന്ന യന്ത്രവേഗം .....
നിലാവ് തേങ്ങിയ രാത്രി
രാക്കാറ്റ് മൗനത്തിലുറങ്ങി
സ്നേഹവീണ താന്ത്രികളഴിഞ്ഞ മൗനമായ്
ബുദ്ധന്റെ വേദന നിശ്ശബ്ദമാണ്‌.
കണ്ണുകളിലേക്കു പ്രകാശമെയ്തു
ഇളകിച്ചിരിക്കുന്ന കടുപ്പത്തിന്റെ സൂര്യാ-
എന്തിനാണ് നിന്റെ ആകാശങ്ങളിൽ  നിന്നും
എന്റെ പക്ഷിയെ എയ്തു വീഴ്ത്തിയത് ?
നെഞ്ചിലെ മുറിവുകൾ വാർക്കുന്ന
ചോരയുടെ ചൂട് കൈകളെ നനയ്ക്കുന്നു.
ഭയമോ, വാത്സല്യമോ --
ഈ നെഞ്ചിൽ തറഞ്ഞുനിന്നു
തീരെ പതുക്കമുള്ള അടിവയറു ചേർത്ത്
ചുറ്റിപ്പിടിച്ചു തേങ്ങിക്കരഞ്ഞവളെ
വിങ്ങി വിറച്ചവളെ
സ്നേഹം, സ്നേഹം കൊണ്ട്
പടർന്നിരച്ചു കയറിയവളെ
നിലാവിലേക്കും തമ്പുരുവിലേക്കും
മയങ്ങിപ്പോയവളെ,
എന്റെ സ്വന്തമായവളെ ;
എന്തിനാണ്--
എന്തിനാണ് മുറിച്ചടർത്തിയത് ?
തീരെ മൂർച്ചയില്ലാത്ത കത്തികൊണ്ട്
മുറിച്ചെടുക്കുന്നപോലെ
പാപത്തിന്റെ ആത്മബോധം
തുറന്നെടുത്തതെന്തിന്‌?
മൗനത്തിന്റെ പൊള്ളുന്ന ഒരു ചിരിയാണ് ഉത്തരം.
പ്രിയേ , നിന്റെ മാംസത്തിൽ നിന്നും
മകനേ, നിന്റെ പിറവിയിൽ നിന്നും
രക്ഷപ്പെട്ടു ഞാൻ ചിരിക്കുന്നു .
ചുട്ടുപൊള്ളിച്ച മൗനമല്ലേ ജീവിതം?
നക്ഷത്രങ്ങളുടെ പിടിവേരുകൾ
വിശക്കുന്ന ജ്ഞാനത്തെ ഞെരിക്കുന്നു.
അന്യോന്യം ശ്വാസമടുപ്പിച്ചു
ചൂടിളക്കി ഊതിയൂതി ഉണ്മയായ്‌
സ്നേഹം- ദുഖമാണത് .
ദുരന്തത്തിലേക്കുള്ള ആദ്യ വെളിപാട് അതായിരുന്നു.
ആദ്യ തീവണ്ടിപ്പാച്ചിൽ അതായിരുന്നു.
ബുദ്ധന്റെ തീവണ്ടിക്ക് ഇപ്പോൾ
പൊട്ടിച്ചിരിയുടെ ക്രൗര്യം.
ഇരുട്ടിലേക്കുള്ള വിഭ്രമവേഗത്തിൽ
ചോരക്കാഴ്ചയിൽ
ഒരമ്മയുടെ നനവ്
കൂരമ്പിന്റെ നനവ്
കുരുതി.
സ്നേഹത്തിലൂടെ സ്ഥാപിക്കപ്പെട്ടത് കുരുതി.
കരുണയുടെ കണ്ടത് ക്രൗര്യം.
വെളിപാടായി ഇടിഞ്ഞിറങ്ങുന്നതു ഭ്രാന്തും.
ബുദ്ധന്റെ തീവണ്ടി അലിവിന്റെ സംഗീതമാണ്.
ഭ്രാന്തിന്റെ കാരുണ്യമാണ്.
അമ്മയുടെ ചോരയാണ്.
വിദ്യയുടെ കാഴ്ചയറുത്ത
അറിവിന്റെ കാഴ്ച സ്വയമറുത്ത
ഏകലവ്യന്റെ വിരൽച്ചോര പോലെ
നിറഞ്ഞ വേദനയാണ്.
നിലവിളിയുടെ തീപ്പാച്ചിലാണ് .
..............................................................

2018, ഫെബ്രുവരി 19, തിങ്കളാഴ്‌ച

കഥ 
കരിങ്ങന്നൂർ ശ്രീകുമാർ 

മൈനേ
....................


മൈനേ....
മാപ്പ് എന്നാണോ പറയുന്നത്.


 അതെയോ...

എന്തിന്..
മറ്റെന്തൊക്കെയുണ്ട്.
ഹ ഹാ ഹാ...
ഇനി മേഘങ്ങളെ കുറിച്ചു പറയൂ.
നിറം കെട്ടുപോയ ആകാശ വിതാനങ്ങളിൽ,
നിശ്ശൂന്യമായ ഓർമകളുടെ പുറന്തൊണ്ടുകൾ...
മൈനേ എന്തൊരു വേഗമായിരുന്നു,
ആർത്തിയും പരവേശവുമായിരുന്നു നിന്റെ പ്രണയത്തിന്.
ഇരുൾപ്പൊത്തിലെ ഏകാകിനീ, 

ഇനിയെങ്കിലും അരുമസ്വപ്നങ്ങൾക്കു പൊരുന്നിരിക്കരുത്.

പ്രണയത്തിന്റെ വ്യാധിയിൽ നൂൽപാലങ്ങളിലൂടെ സസൂക്ഷ്മം നടക്കാതിരിക്കാം.
നിന്റെ നിലാവിൽ കഠിനമായി മഞ്ഞു പെയ്യുന്നുവോ.....

കഥ 
കരിങ്ങന്നൂർ ശ്രീകുമാർ 

അടക്കംവിളി 

----------------------
അവൾ പൊറ്റകളടർന്ന അതേ ചാണകനിലത്തിന്റെ 
ഓർമയിലിലേക്ക് വശം ചരിഞ്ഞു കിടന്നു.
എടി പെണ്ണേ -- എന്ന് അടക്കം വിളിച്ചവനാര്...
ഓർമ്മകൾ ചിതലുകപ്പോലെ തിന്നുമുടിക്കുകയാണല്ലോ. 
വിശപ്പ് കെട്ടു.
അടുക്കള ചരിത്രമെഴുതുകയാണ്.
ചാമ്പൽ അടിച്ചുപറന്ന് കണ്ണ് കലങ്ങി. 
പുക നിറഞ്ഞ വെയിൽച്ചീളുകൾ നിലത്ത് വട്ടമിട്ടു.
കരിഞ്ഞ അടുപ്പുകൾ മുഷ്ടി ചുരുട്ടി.
ചളുങ്ങിയ ചെമ്പുകലങ്ങൾ പൊട്ടിയൊലിച്ചു. 
കുട്ടുവം ചുമച്ചു തുപ്പി.
 വക്കുപൊട്ടിയ അരിക്കലം മാത്രം അപ്പോഴും തിളച്ചു ചിരിച്ചു തൂവി.
ഇന്നിനി ഇത്തിരി ഉച്ചയുറക്കം പറ്റില്ലാ.
ആരാണാരാണ് എന്നെ കാമിപ്പോൻ...

2018, ജനുവരി 8, തിങ്കളാഴ്‌ച

കവിത
കരിങ്ങന്നൂര്‍ ശ്രീ കു മാ ര്‍
മുറിവ്
............

ഹൃദയത്തിന്റെ അടിക്കല്ലുകൾ
ഞെരിഞ്ഞു പൊട്ടുമ്പോഴും
അസ്ഥികൾ നുറുങ്ങുമ്പോഴും
ചതിയുടെ കൊലനിലങ്ങളിൽ
തീയിൽ, ഉണർന്നു ഞാനിരിക്കുന്നു
ഞെരിഞ്ഞുപൊട്ടുന്ന കനലിലേക്കു നോക്കുക
ഇവിടെ ഞാനുണ്ട്.
നിലാവിന്റെ ഓർമസ്ഥലികളിൽ
മഴയുടെ ഈയാം പാറ്റകളെ
ആർത്തിയോടെ ഭക്ഷിച്ചുകൊണ്ട്
വഴിക്കണ്ണുകളുമായി, ഞാനുണ്ട്.
ചതിയുടെ കൂരമ്പുകൾ
ഇനിയുമിനിയും എയ്തു കയറ്റുക...
വാക്കുകളുടെ ആഘോഷങ്ങളിൽ
അതിവിദഗ്ദമായി പ്രണയം,
സ്വാദോടെ, കമനീയമായി വിളമ്പിയവളേ...
പഴയൊരു ശ്വാസ താളം പോലും
ദാക്ഷണ്യമായി നൽകാത്ത ക്രൗര്യമേ-
ഭ്രഷ്ടിന്റെ തുരുമ്പിച്ച വാൾ വീശി
നീ ഒറ്റിയ കാലം വന്നിരിക്കുന്നു.

കൂർത്ത കപടമുഖത്തിന്റെ ജാള്യവുമായി,
നീ വഴിതിരിയുമ്പോൾ
പഴയ കാലത്തിന്റെ നെഞ്ചിലേക്ക്
തിരിഞ്ഞു നോക്കുവാനാകുമോ ?
നന്മയുണ്ടായിരിക്കണം.
സ്വന്തം മുഖം ഉണ്ടായിരിക്കണം
അതുകൊണ്ട് -
പെട്ടെന്ന് ഉറങ്ങിക്കളയുക.
ഉണരരുത്.
സ്വന്തം ഹൃദയം നിന്നോട്
പതുക്കെ വർത്തമാനം പറയാൻ
തുടങ്ങുമ്പോൾ മാത്രം പകയ്ക്കരുത്.
കാഴ്ചകൾ കാണാനായി ഉണരുക...
മുറിവുകൾ കൂട്ടിത്തുന്നി
അല്പപ്രാണനിൽ
ഞാൻ അപ്പോഴും
നെഞ്ചുവിരിച്ചു നിവർന്നു നിൽക്കും.
കഥയില്ലാത്ത സ്വന്തം ചരിത്രത്തിലേക്ക്
മുറിവുകളുടെ ആത്മബലവുമായി
നിറഞ്ഞു ചിരിച്ച്...
സിരകളിൽ ഒഴുകിപ്പടരുന്ന
നനഞ്ഞ പ്രണയവുമായി
അപ്പോഴും, ഉയിർത്ത്
ഞാൻ കൈകൾ ചുഴറ്റി നിൽക്കും.
നീലാകാശത്തിന്റെ പ്രൗഡിയിൽ
വന്ധ്യമേഘങ്ങൾ ഒഴുകിമറഞ്ഞു.
സൂത്രത്തിൽ കാണുക...
കാണുക സിരകളിൽ
കേൾക്കുക പ്രാണനിൽ
ഒരു ബലിമൃഗം
ഇരതേടി അലയുന്നത്
തകർന്ന മുഖവും ചോരക്കണ്ണീരുമായി
ഇര തേടുന്നത്
ഇണ തേടുന്നത്
നിലവിളിയുടെ പാതനീണ്ടുപോകുന്നു..
മരണത്തിന്റെ ജലച്ഛായയിൽ കാലിടറുമ്പോഴും
ചേതനയിൽ നിന്റെ സംഗീതമുണ്ട്
ചെമ്പകപ്പൂമണമുണ്ട്
നിഴൽ കാത്തിരുന്ന്
തളർന്നു
കവിതയായ്
ഓർത്തിരിക്കാം.
പ്രണയതീർത്ഥങ്ങളിൽ
ഭസ്മമായ്‌ അലിഞ്ഞു തീരാം
നിലവിളക്കുകളിൽ രക്തം പകർന്ന്
തിരിനീട്ടി
കവിത കൊളുത്തിവയ്ക്കാം.
ഇനിയും മരിക്കാതിരിക്കാം
മറക്കാം.

2017, നവംബർ 24, വെള്ളിയാഴ്‌ച

കവിത
കരിങ്ങന്നൂർ ശ്രീകുമാർ


എല്ലാം ഉണ്ടായിരുന്നു




കാളൻമാരും കലപ്പയും, നുകവും
മരവും, കൊയ്ത്തും മെതിയും,
തൂമ്പായും കുന്താലിയും,
വള്ളിക്കൊട്ടയും തേങ്ങാക്കൊട്ടയും
ഉണ്ടായിരുന്നു
വല്ലവും # കിടുവും മെടയുമായിരുന്നു
മുളയുടെ പുട്ടുകുറ്റിയായിരുന്നു
ചിരട്ടയുടെ ചില്ലും.
കുഴിഞ്ഞുപോയ തടിയുരലായിരിരുന്നു
പനങ്കാതലിൽ ഉരുക്കുചുറ്റിട്ട
ഉലക്ക മുഴങ്ങുമായിരുന്നു.
ദോശക്കല്ല് കൊല്ലൻ കാച്ചിയതായിരുന്നു.
ചട്ടുകവും ഇരുമ്പുചട്ടികളും
ഉറക്കെ ചിലമ്പിച്ചിരിച്ചിരുന്നു
നാട്ടുമാങ്ങാ കൃമിക്കുന്ന വലിയ
ഉപ്പുമാങ്ങാ ചാറകളുണ്ടായിരുന്നു
അടമാങ്ങാ ഭരണികളും.
പച്ച പറങ്കിയണ്ടി തീയൽ മണത്തിരുന്നു.
മത്തും ഉപ്പുമരയും ഉണ്ടായിരുന്നു
വെണ്ണയും നെയ്യിൽ പൊള്ളിച്ച
അയ്യരുടെ പപ്പടവും, നെയ്യപ്പവും ഉണ്ടായിരുന്നു.
എരുത്തിലും ആട്ടിൻകൂടും
ചാണകക്കുഴിയും മൂത്രക്കുഴിയും
#കുണ്ടളപ്പുഴുക്കളും ഉണ്ടായിരുന്നു.
കോഴിക്കൂടും, മൂക്കിൽ ചെറുതൂവൽ
തിരുകിയ അടക്കോഴികളും
മിടുക്കി തള്ളക്കോഴിയും
കോഴിക്കുഞ്ഞുങ്ങളും ഉണ്ടായിരുന്നു.
പരുന്തും കിള്ളിയാനും
പാവം ഉപ്പനും മൈനയും ഉണ്ടായിരുന്നു
തെങ്ങിൽ പൊത്തിൽ തത്തകളും
മരംകൊത്തികളും മത്സരിച്ചിരുന്നു
കുയിലുകൾ നിശ്ചയമായും വരുമായിരുന്നു.
ബ്ലാത്തിയിലും ചെമ്പരത്തിയിലും
കുരുവികൾ എത്രയെങ്കിലും
കൂടുകൾ വയ്ക്കുമായിരുന്നു
ഈറ മെടഞ്ഞ കുട്ടയും വട്ടിയുമായിരുന്നു.
കുത്തരി കുതിർന്നു കൂടെക്കൂടെ
കൊഴുക്കട്ടയും മാപ്പൊടിയും
പുട്ടും തേങ്ങാക്കൊറ്റവും
മണത്തിരുന്നു.
അപ്പത്തിന് # കപ്പി കാച്ചുമായിരുന്നു.
ഓട്ടട മധുരം പൊട്ടിയൊലിക്കുമായിരുന്നു.
തടിത്തവിയും കൂലിക്കൊട്ടയും
ചങ്ങഴിയും മുളനാഴിയും
സദാ പണിയെടുത്തു,
പയറും മുതിരയും എള്ളും വരെ
അളന്നുമറിഞ്ഞിരുന്നു.
വല്ലപ്പോഴും തകൃതിയായി
പണിയെടുക്കുന്ന പറ
പലപ്പോഴും മൂലയ്ക്ക്
മിണ്ടാതിരുന്നു.
കയർ ഉറിയും കുരുത്തോല വാട്ടി
മെടഞ്ഞ ഓല ഉറിയും
താഴ്ന്ന പുകക്കരി കഴുക്കോലുകളിൽ
സ്നേഹം നുകർന്നു തമ്മിൽ ഇളകിയാടുമായിരുന്നു
വലിയ പത്താംപുറത്ത് ഉച്ചയ്ക്ക്
അച്ഛൻ നടു നിവർത്തിയിരുന്നു
ചാണകനിലത്ത് തഴപ്പായിൽ അമ്മയും.
മൂന്നു കട്ടിലിൽ മെത്തപ്പായ്,
കറുകറുത്ത പട്ടാളക്കമ്പിളി വിരിച്ച
കയറ്റുകട്ടിൽ അച്ഛാമ്മയ്ക്ക്.
കുരണ്ടിയും തടുക്കും തഴപ്പായും,
#
ദാനേന്ദ്രവും മുക്കൂട്ടും മണത്ത്
മുശിട് ഗന്ധത്തിൽ
തഴമ്പ് വീണതായിരുന്നു.
പഞ്ഞിക്കാ തലയിണകൾ
എല്ലാവർക്കും.
#
നല്ലമുളകിന്റെ തൊത്ത് ഉണക്കി നിറച്ച
തലയിണ വലിവുകാർക്കും
കഫജലദോഷക്കാർക്കും.
ചെന്നിക്കുത്തുകാരി അപ്പച്ചിയുടെ
വലിയ ചന്ദനാദി എണ്ണ കറുത്തു
 ഉമിച്ചുനാറുന്ന തലയിണയും ഉണ്ടായിരുന്നു.
അച്ഛന്റെ മുതുകുപാട് വീണ്
കരിമ്പനടിച്ച തുണിചാരുകസേരയും
കാഞ്ഞിരത്തിന്റെ # തട്ടൂടിക്കു കീഴെ
 വലിയ #ട്രങ്ക് പെട്ടികളും ഉണ്ടായിരുന്നു.
തടിയൻ താക്കോലിട്ടു പൂട്ടിവച്ചിരിക്കുന്ന,
അമ്മയുടെ, ചിത്രപ്പണിയുള്ള
നീളൻ പാലപ്പെട്ടിയിൽ
പിത്തളച്ചെല്ലം പളപളാ മിനുങ്ങിയിരുന്നു.
മൂലപ്പലകയിൽ കൈയെത്താതെ
തേനും ലേഹ്യങ്ങളും ഉണ്ടായിരുന്നു.
ബാടി കെട്ടിയ അമ്മുമ്മമാരും
മുറുക്കാൻ ചെല്ലവും ഇടികല്ലും
തുപ്പക്കോളാമ്പിയും ഉണ്ടായിരുന്നു.
മുല്ലപ്പൂവും പിച്ചിപ്പൂവും ചന്ദനവും
പച്ചമഞ്ഞളും കുഴഞ്ഞു വാസനിച്ച
ഹാഫ്സാരി ചുറ്റിയ അങ്ങേലെ
 ചേച്ചിമാരും ഉണ്ടായിരുന്നു.
തേൻവരിക്കയും ചെമ്പരത്തി പ്ലാവും
തടിനിറഞ്ഞ് കായ്ച്ചുവാരുമായിരുന്നു.
ചെറിയ ഉണ്ടമാവും ഡാക്കത്തിമാവും
 വലിയ കിളിച്ചുണ്ടനും കർപ്പൂരം മാവും
ഉണ്ടായിരുന്നു. 
തകർത്തു കായ്ക്കുന്ന കൊളമ്പി മാവും.
പുന്നയും പുന്നയ്ക്ക എണ്ണയും
എള്ളും എള്ളെണ്ണയും
കരുപ്പെട്ടിയിട്ട് എള്ളിടിച്ചതും
അവൽ വിളയിച്ചതും ഉണ്ടായിരുന്നു.
തെങ്ങിൻ പൂവും അശോകപ്പൂവും
തൊട്ടാവാടിയും ചെമ്പരത്തിപ്പൂവും
കുറുക്കുമായിരുന്നു.
അലുവ കിണ്ടുമായിരുന്നു.
മുറുക്കും മധുരസേവയും
ഇടുമായിരുന്നു.
വലിയ ഭരണികളിൽ നിറയെ
ആട്ടിയ വെളിച്ചെണ്ണയും.....
അല്ലല്ല, ഒന്നിൽ എള്ളെണ്ണയും,
വൃത്തിയില്ലാത്ത വക്കുപൊട്ടിയ
പഴഞ്ചൻ ഭരണിയിൽ
പുന്നക്ക എണ്ണയും.
തേങ്ങ വെട്ടും ഓല കെട്ടും
തിമിർപ്പായിരുന്നു.
ചാമ്പയും അത്തിയും ഞാവലും
ഇലവും ഇലഞ്ഞിയും
മുരിക്കും പേഴും വട്ടയും
ഉണ്ടായിരുന്നു.
തോടും തൊടിയും തോട്ടവും,
ചാലും ഊറ്റു കുഴികളും,
വയലും വയൽപ്പക്ഷികളും
ഉണ്ടായിരുന്നു.
തെങ്ങിൻ പണയും
വരിവരിക്ക് അടയ്ക്കാമരങ്ങളും കഴിഞ്ഞ്,
കാട്ടുകൈത വേലിയും.
ചാരും പുന്നയും ഉതിയും
ഊറാവും ഉണ്ടായിരുന്നു.
മൂലയ്ക്ക് ചൂരൽ പടർന്നുകയറി
മൂടിപ്പോയ ഒരു മുതുക്കൻ പാലയും ഉണ്ടായിരുന്നു.
കാറ്റും കുളിരും. വെയിലും
അഗാധസുഗന്ധങ്ങളും ഉണ്ടായിരുന്നു.
അങ്ങനെയങ്ങനെ --
എല്ലാം ഉണ്ടായിരുന്നു.
എല്ലാവരും ഉണ്ടായിരുന്നു.
നിറയെ ഉണ്ടായിരുന്നു.
എല്ലാമെല്ലാം പണ്ടായിരുന്നു.
നിറഞ്ഞതെല്ലാം പണ്ടായിരുന്നു.
പണ്ടെന്നു വച്ചാൽ --
വലിയ പണ്ട്.
എന്നുവച്ചാൽ
ദാ... ഇത്രയ്ക്കും അടുത്ത്.
നെഞ്ചോളം,
സ്വപ്നത്തോളം
ഇപ്പോഴും.

==================


# ദാനേന്ദ്രം- ധന്വന്തരം
#കുണ്ടളപ്പുഴു-ചാണകപ്പുഴു
#
നല്ലമുളക് - കുരുമുളക്
#
തട്ടൂടി- തടി കിടക്ക
#
ട്രങ്ക് പെട്ടി - ഇരുമ്പു പെട്ടി
#
കിടു - തെങ്ങിന്റെ ഓല മെടഞ്ഞതു.