2011 ഡിസംബർ 11, ഞായറാഴ്‌ച

ഡാം /കവിത / കരിങ്ങന്നൂര്‍ ശ്രീകുമാര്‍


കവിത
കരിങ്ങന്നൂര്‍ ശ്രീകുമാര്‍


ഡാം
എന്താണ് എല്ലാവരും ഇങ്ങനെ
ആരും ഭയക്കുന്നില്ലല്ലോ
മരണമുഖത്തു പോലും ഭയക്കുന്നില്ല.
ഭയക്കാന്‍ മടിക്കുന്നു.
നമ്മളൊക്കെ ചത്തുപോയോ.

എവിടെ നമ്മുടെ ശിരസ്സ്
കരുത്ത്‌
ചോര
മുദ്രാവാക്യങ്ങള്‍ ഒഴിഞ്ഞു
വരണ്ട തൊണ്ടകളില്‍
ഭീദിതമായ ദാഹം.

എന്താണ് മണക്കുന്നത്‌
ദുര്‍മേദസ്സിന്റെ അഴുകിയ
കോട്ടുവായ്
നക്ഷത്ര ഭരണനൃത്തം.
പൃഷ്ഠം താങ്ങി തഴുകി മടുത്തില്ലേ
കരഞ്ഞു മുടിഞ്ഞില്ലേ.

നമ്മുടെ കുഞ്ഞുങ്ങളുടെ
പാട്ടപ്പാത്രങ്ങളില്‍
മരണം മാത്രമേ
വിളമ്പുന്നുള്ളോ
കണ്ണീര്‍ കൂട്ടി കുടിച്ചോട്ടെ
വേദന തിന്നു മരിച്ചോട്ടെ
ശ്വാസം പോലും സ്വപ്നം കണ്ടു പോകരുത് .
നമുക്കൊക്കെ തീരെ പട്ടികളായി പെട്ടെന്നുതന്നെ
ചത്തുകളയാം .
ചരിത്രം ജലസമാധി എന്ന് പൊലിപ്പിച്ചോട്ടെ
കുഞ്ഞുങ്ങള്‍ മീന്‍ കണ്ണുകളുമായി
മരണം വായിക്കട്ടെ.
അണ മുറിയാതെ കരയട്ടെ.
അവര്‍ക്ക് മീതെയാവട്ടെ
നിങ്ങളുടെയൊക്കെ ഡാം.




2011 നവംബർ 14, തിങ്കളാഴ്‌ച

വെഡിംഗ് ആനിവേര്‍സറി

കഥ/ കരിങ്ങന്നൂര്‍ ശ്രീകുമാര്‍  
വെഡിംഗ്  ആനിവേര്‍സറി
ഏഴു തിരിയില്‍ നിലവിളക്ക്  ഒരുക്കി.
മുടിത്തുമ്പു കെട്ടി തുളസിക്കതിര്‍ വച്ചു.
സിന്ദൂരം നെറ്റിയിലും സീമന്തത്തിലും...
കോടി  ഉടുത്തു.... കാച്ചെണ്ണ  മണം.
ഇങ്ങനെയിങ്ങനെ കാപട്യം കളിച്ചു മോഹിനി...
 അതിശയസമ്മാനവും മധുരവും തന്ന പ്രിയതമന്റെ കാല്‍ തൊട്ടു നമസ്കരിച്ചു
നവോഢയായി ചമഞ്ഞു.
നമ്രശിരസ്കയാവാന്‍ സ്ഥിരം ബഹുകേമി.

നാണം കുളിര്‍ത്തു കാണിച്ചു.
പ്രിയതമന്‍ ധന്യനായീ.
ഹ ഹ ഹാ..... 
തീരെ പഴയ വിരല്‍ത്തുമ്പുകളുമായി
നനഞ്ഞ ഓര്‍മകളുമായി അവന്‍
പ്രണയത്തിന്റെയും രതിയുടെയും ആ പഴയ തോട്ടുവക്കില്‍ നില്‍പ്പുണ്ട്.
നിന്റെ ഇടംകണ്ണ്  തുടിക്കുന്നുണ്ടോ
കരിന്തിരി എരിയിക്കാതെ  നിലവിളക്ക് കെടുത്തിയേരേ സുമംഗലീ....
ഹാ ....ഹഹാ ....






2011 ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

കഥ /കരിങ്ങന്നൂര്‍ ശ്രീകുമാര്‍ / സുഹൃത്ത്‌

കഥ /കരിങ്ങന്നൂര്‍ ശ്രീകുമാര്‍ 
സുഹൃത്ത്‌
എച്ചില്‍ പാത്രത്തില്‍ ഉണ്ണിച്ചതും,
മറ്റവന്റെ മൂത്രം കുടിപ്പിച്ചതും,
കാശിനു പെണ്ണിനെ പൊക്കി പങ്കുവെപ്പിച്ചതും,
ഹൃദയം പുറത്തെടുത്തു കൂടെക്കൂടെ ആത്മനൊമ്പരപ്പെടുത്തിയതും,
ഉത്തരാധുനികപ്പെട്ടു നിലത്തിഴയിച്ചതും നീയേ....
നീയേ വിദ്യയും വിജ്ഞാനവും .... പുണ്യവും പൂവും.
പുല്ലും ,ചവറും,തൊളിയും..... 
ഞാനേ ജ്ഞാനി . (അ)ബോധാത്മാവും....
ചിയേര്‍സ് .....





2011 സെപ്റ്റംബർ 20, ചൊവ്വാഴ്ച

കഥ/കരിങ്ങന്നൂര്‍ ശ്രീകുമാര്‍ /കാട്

കഥ/കരിങ്ങന്നൂര്‍ ശ്രീകുമാര്‍
കാട്

കാട് ഒരു മധുരകാവ്യമായിരുന്നില്ല.
കനല്‍ച്ചൂടുമല്ല....
ആഴങ്ങളിലെ തൃഷ്ണ . കന്മദം .നീരാളം.
കാട് മുദ്രയായിരുന്നു .
കാട് പ്രണയമായിരുന്നു.
നീ തെളിച്ചു വന്ന നീര്‍വഴിയായിരുന്നു.
വിസ്മയമായിരുന്നു.
ഉറവുകളുടെ ഉയിര്‍.
ഉന്മാദം.ഉണ്മ.
ഉടല്‍.

2011 സെപ്റ്റംബർ 1, വ്യാഴാഴ്‌ച

കഥ/ കരിങ്ങന്നൂര്‍ ശ്രീകുമാര്‍ 
നനഞ്ഞ പട്ടി .
ഓണത്തിന് നീ തന്ന ചോറ് .
നല്ല മഴയായിരുന്നു.
 നനഞ്ഞു തണുത്ത തിണ്ണയില്‍ സുഖം.
ഇരുട്ട്.
ഉപ്പേരി,പപ്പടം, അവിയല്‍,കാളന്‍, 
പച്ചടി,കിച്ചടി, പഴപ്പായസം ഒന്നുമില്ലാതെ കൂളനു വിളമ്പിയ ചോറ്.... 
നനഞ്ഞ പട്ടി .
 വെക്കം തിന്നിട്ടു പൊക്കോ. കതകടച്ചു ഗൃഹസ്ഥ.
പഴയ ജാരന്റെ മുഖമടഞ്ഞു.
  ഇരുട്ടത്ത്‌ ചോറ് മിനുങ്ങി.
നിര്‍ത്തില്ലാതെ  മഴപെയ്യുന്നത് കൊണ്ടാവാം കുടിവെള്ളം തന്നില്ല കൂത്തിച്ചി.








2011 ഓഗസ്റ്റ് 21, ഞായറാഴ്‌ച

ഭാര്യ / കഥ/ കരിങ്ങന്നൂര്‍ ശ്രീകുമാര്‍

കരിങ്ങന്നൂര്‍ ശ്രീകുമാര്‍  
 ഭാര്യ 
പിഴച്ച സ്വപ്‌നങ്ങള്‍ വരെ വറുത്തു  ശുചിത്വമുള്ള  കണ്ണാടിപ്പാത്രങ്ങളിലേക്ക്  രസകരമായി , താളനിബദ്‌ധമായി 
അവള്‍ വിളമ്പിത്തന്നു. 
വശ്യമായി ചിരിച്ചു. 
വെറുപ്പ്‌ കൊണ്ടൊരു പുളിശ്ശേരി ....
കൊപ്ലിക്കാന്‍ ഇത്തിരി കണ്ണീര്.
ധര്‍മസങ്കടം പുതപ്പിച്ച് ഉറക്കി.
ഉണരാതുണരാതുറങ്ങുറങ്ങ് ....





2011 ഓഗസ്റ്റ് 17, ബുധനാഴ്‌ച

കഥ / കരിങ്ങന്നൂര്‍ ശ്രീകുമാര്‍ / ചരിത്രം



കഥ / കരിങ്ങന്നൂര്‍ ശ്രീകുമാര്‍ 
ചരിത്രം 
 നമ്മള്‍ രണ്ട്, നമുക്ക് രണ്ട്  എന്ന മുദ്രാവാക്യം വന്ന കാലമായിരുന്നു അത്.
അമ്മയുടെ പേര് ഓര്‍മ എന്നായിരുന്നു. 
  അച്ഛന്റെ പേര്  ശൈത്യം എന്നും.
മകള്‍ ചൂട് പിടിച്ചു വളര്‍ന്നു. 
മകന്‍ പുകഞ്ഞു പോയി. 
   പൊതു ശ്മശാനത്തിലെ നനഞ്ഞു കറുത്ത മണ്ണില്‍ നിഴല്‍ പോലെ മഴ സ്ഥിരമായി നിന്ന് പെയ്തു. 
ഓര്‍മയിലേക്ക് ഒരു കൊള്ളിമീന്‍.
    ശൈത്യത്തിലേക്ക് കാറ്റും.