2014 ഒക്‌ടോബർ 6, തിങ്കളാഴ്‌ച

വാവിനു തലേനാൾ

ദീപാവലിയ്ക്കു തലേന്ന്
രായ്ക്കുരാമാനം
പൊട്ടിത്തെറിച്ച്
നാടു വിട്ട പട്ടിയെ,
തെന്നുന്ന തൊഴുത്തിൽ
നെടുമ്പാടടിച്ചു വീണു
 ഭ്രൂണം തള്ളി
ചാവാൻ കിടന്ന
വയറ്റുകണ്ണി പശുവിനെ,
ചാരായത്തിൽ
കയറി കുതിരകളിച്ചു വന്ന
അമ്മാവൻ
കത്തി കേറ്റിക്കൊന്ന ആ പാവം
ആട്ടിൻ കുട്ടിയെ,
പാമ്പുകടിച്ചു  പൊയ്പ്പോയ
അച്ഛനെ,

ഉച്ചാരയുടെ അന്നു
തൂങ്ങിച്ചത്ത,
പുരനിറഞ്ഞ്
അടുക്കളത്തൂണായിരുന്ന
 അപ്പച്ചിയെ,
കരഞ്ഞുതൂവിയൊരമ്മയെ,
ആരുടെയൊ ഗർഭം കൊണ്ടു
  മാനം കെട്ടി എന്നെ
നാടുവിടീച്ച്
പേടിപ്പിച്ച പൊലയാടിച്ചിയെ,

ആരെ ഓർത്താണു
ഈ വാവിനു
ബലി?

2014 ജൂലൈ 18, വെള്ളിയാഴ്‌ച

യാത്ര


പ്രണയം കണ്ണുപൊത്തി.
കഥകള്‍ പാടി.
പ്രാണന്‍ തോറ്റിയുണര്‍ത്തി.
മലമുകളില്‍ പൂക്കള്‍ വിടര്‍ന്നു.
കുയിലുകള്‍ കുഴല്‍ വിളിച്ചു.
ഉറവകള്‍ സമൃദ്ധമായി.
കാട്ടുപാരിജാതം സഖിയായി.
മാരിവില്ലിന്‍റെ കൂര ചമച്ച പഴയ ആകാശവാണിപ്പാട്ടുകള്‍ കരളലിയിച്ചു.
കൊല്ലിയുടെ ആഴങ്ങളിലേക്ക് നിലാവ് വിളക്ക് നീട്ടിക്കൊടുത്തു.
പഴയ ഹാര്‍മോണിയം മാത്രം ദീനമായി നിലവിളിച്ചുകൊണ്ടിരുന്നു ....
നിനക്ക് ശുഭയാത്ര … സുഖയാത്ര.

2014 ജൂൺ 21, ശനിയാഴ്‌ച

                                                    വെയില്‍


                                മോഹങ്ങളുടെ അരക്ഷിതത്വത്തിലേക്ക് അവള്‍ ഉണര്‍ന്നിരുന്നു.
ചുരുങ്ങി ഒതുങ്ങി, ആവതും ഉള്ളിലേക്ക് മാത്രം മന്ദഹസിച്ചുകൊണ്ടാണ് അവള്‍ പ്രണയിച്ചത്.
നിറഞ്ഞ സന്തോഷം.
ഞെരിപിരി കൊള്ളിക്കുന്ന മധുരം …. ഹൃദ്യമായ വേദന …. 
വെയില്‍ ശക്തമായി.
വെയില്‍ മണത്ത പ്രണയത്തിന്‍റെ നായ്ക്കള്‍ നിഴല്‍പറ്റി പതുങ്ങി. ചെവികള്‍ കൂര്‍പ്പിച്ചു.
 നാവു നീട്ടി.
മഞ്ഞും മഴയും നിലാവുമറിയാതെ വെയിലേറ്റ് അവള്‍ കിടന്നു.
ചോരമണത്തില്‍ പൂക്കള്‍ വിടരാന്‍ തുടങ്ങി.


2014 ജനുവരി 21, ചൊവ്വാഴ്ച

നിറങ്ങള്‍
അവള്‍ പറഞ്ഞു, അവള്‍ക്ക് വെളുത്തവനെ വേണമെന്ന്.
അവള്‍ക്കാണെങ്കില്‍ കറുത്തവനെ ഏറെ ഇഷ്ടം.
അവള്‍ക്കോ ചെമന്നു തുടുത്തവനെ തന്നെ വേണമത്രേ.
എന്നാല്‍ അവനോ, എല്ലാ നിറങ്ങളുമായിത്തന്നെ നില്പ്.